ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടു നല്‍കിയില്ല; ഓഫീസ് മേധാവികള്‍ക്കെതിരെ നടപടിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടു നല്‍കാത്ത 15 ഓഫീസ് മേധാവികള്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി. വാഹനങ്ങള്‍ ഹാജരാക്കുന്നതിന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും, മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു തീരുമാനിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായിട്ടുപോലും ഈ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ല. ഇവയില്‍ പലതും സിവില്‍ സ്റ്റേഷനിലാണ് സ്ഥിതി ചെയ്യുന്നത്.

മൃഗസംരക്ഷണം, ആര്‍ക്കൈവ്‌സ്, കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്‍, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ ഓഫീസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ഗ്രൗണ്ട് വാട്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഡി.എം.ഒ (ഹോമിയോ), ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, ടൂറിസം മേഖല ജോയിന്റ് ഡയറക്ടര്‍, ഡി.ടി.പി.സി, ഡെപ്യൂട്ടി കമ്മീഷണര്‍ (ടാക്‌സസ്) എന്നീ കാര്യാലയങ്ങളുടെ മേധാവികള്‍ക്ക് എതിരെയാണ് ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി എടുക്കുന്നത്.

നടപടി എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ നഓഗസ്റ്റ് 11 രാവിലെ 10ന് മുമ്പ് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഹാജരായി കാരണം ബോധിപ്പിക്കണം.