കോഴിക്കോട് വീണ്ടും ലഹരിവേട്ട; മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട് വീണ്ടും ലഹരിവേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയാണ് എക്സൈസ് പിടികൂടിയത്. രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും, 18 കുപ്പി ഹാഷിഷ് ഓയിലും, എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.

കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസ്, പെരുമണ്ണ പണിക്കര വലിയപറമ്പില്‍ വീട്ടില്‍ നിഹാല്‍, ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊറിയര്‍ ആയിട്ടാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കോഴിക്കോട് എത്തിച്ചത്.

കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്ന് 55.200 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ബൈക്കില്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്നിലെ അത്താണിക്കലില്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് മലാപ്പറമ്പ് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂര്‍ പച്ചാക്കിലില്‍ നടന്ന വാഹന പരിശോധനയ്ക്ക് ഇടെയാണ് യുവാക്കളെ പിടികൂടിയത്.

സംസ്ഥാനത്ത് ലഹരിമരുന്ന് കടത്ത് സംഭവങ്ങള്‍ കൂടി വരികയാണ്. പെണ്‍കുട്ടികള്‍ അടക്കമുള്ള വന്‍ ലഹരി റാക്കറ്റ് സജീവമാണെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.