ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയതിയിലുള്ള ബോർഡിംഗ് പാസ്! കോഴിക്കോട് വിമാനത്താവളത്തിൽ അനിശ്ചിതത്വം

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് നൽകിയ ബോർഡിങ് പാസിൽ പിഴവ്. ഇന്നത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർക്ക് നൽകിയത് നാളത്തെ തീയതിയിലുള്ള ബോർഡിങ് പാസാണ്. കോഴിക്കോട്- ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന 22ലേറെ യാത്രക്കാർക്കാണ് സെപ്തംബർ 21 എന്ന് രേഖപ്പെടുത്തിയ പാസ് നൽകിയത്.

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പാസ്‌പോർട്ടിലും ബോർഡിങ് പാസിലും സീൽ ചെയ്ത ശേഷം തങ്ങളെ സെക്യൂരിറ്റി ചെക്കിങ്ങിനു മുമ്പ് മുക്കാൽ മണിക്കൂറോളം കാത്തുനിർത്തിച്ചതായി യാത്രക്കാർ പറഞ്ഞു. പിന്നീട് വീണ്ടും എമിഗ്രേഷനിലേക്കു കൊണ്ടുപോയി തെറ്റായ തീയതിയുള്ള ബോർഡിങ് പാസ് തിരികെ വാങ്ങി പുതിയ തീയതിയുള്ളത് സീൽ ചെയ്ത് നൽകുകയാണുണ്ടായത്.

ബോർഡിങ് പാസിലെ പിഴവിനു പുറമേ ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂറോളം വൈകി 7.30നു മാത്രമേ പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം വിമാനങ്ങളാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത്. ലക്ഷക്കണക്കിന് ഗൾഫ് പ്രവാസികൾ ആശ്രയിക്കുന്ന എയർപോർട്ടിലാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്.