'ചായ കുടിച്ചാല്‍ കാശ് അണ്ണന്‍ തരും; കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; കെ.എസ്.യുവിനെ ട്രോളി എം. എം മണി

വിലാസം മറച്ചുവെച്ച്  കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കോവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ കെ.എസ്.യുവിനെ ട്രോളി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ” ചായ കുടിച്ചാല്‍ കാശ് അണ്ണന്‍ തരും;കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും ” – എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  Kovid Spreading Union എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.

കഴിഞ്ഞ ദിവസമാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കോവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കോവിഡ് ടെസ്റ്റ് നടത്തിയത്. കെ എം അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്. അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്.

വ്യാജപേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ.എം. അഭിജിത്ത് രംഗത്തെത്തി. സ്വദേശം ആയതു കൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയതെന്നും ക്ലരിക്കല്‍ മിസ്റ്റേക്ക് ആകുമെന്നും അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.