കൂടത്തായി കൊലപാതക പരമ്പര; മഞ്ചാടിയിൽ മാത്യു വധക്കേസിലും ജോളി അറസ്റ്റിൽ

കൂടത്തായി കൊലപാതക പരമ്പരയിലെ  മാത്യു വധക്കേസിലും മുഖ്യപ്രതി ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.  അന്വേഷണ ഉദ്യോഗസ്ഥനായ കൊയിലാണ്ടി എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണൻ കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാത്യു വധക്കേസിൽ ബുധനാഴ്ച ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനുള്ള അപേക്ഷ ഇന്നു താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ നൽകും. 2014 ഏപ്രിൽ 24-നാണ് മാത്യു മഞ്ചാടിയിൽ കൊല്ലപ്പെടുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ മരണമായിരുന്നു ഇത്.

ഫെബ്രുവരി 24-ന് വൈകിട്ട് 3.30-നാണ് മാത്യു ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നു വീഴുന്നത്. അന്ന് മാത്യുവിന്റെ ഭാര്യ അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. മരണ സമയത്ത് മാത്യു വീട്ടില്‍ തനിച്ചായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍ നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. ആശുപത്രിയിലെത്തും മുമ്പ് മാത്യു മരണത്തിനു കീഴടങ്ങി. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത്  ജോളിയായിരുന്നു. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് വരെ പലപ്പോഴായി ഒരുമിച്ചു മദ്യപിച്ചിരുന്നുവെന്ന് തെളിവെടുപ്പിനിടെ ജോളി പറഞ്ഞിരുന്നു.

മദ്യത്തിൽ സയനൈഡ് കലർത്തിയാണു മാത്യുവിനെ കൊലപ്പെടുത്തിയതെന്നു ജോളി അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ പിതൃസഹോദരൻ കൂടിയാണ് മരിച്ച മഞ്ചാടിയിൽ മാത്യു.

Read more

റോയി തോമസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി പ്രജികുമാറിനെ സിലി വധക്കേസിലും പ്രതി ചേർത്ത് പൊലീസ് ഇന്നലെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കേസിൽ പ്രജികുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ജോളി ജോസഫിന് എത്തിച്ചു കൊടുത്ത സയനൈഡ് സ്വർണപ്പണിക്കാരനായ പ്രജികുമാർ നൽകിയതാണന്ന്  രണ്ടാം പ്രതി എം.എസ്.മാത്യു  മൊഴി നൽകിയിരുന്നു.