കൊല്ലങ്കോട് പുലിയുടെ മരണകാരണം ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും; മരുന്നിൻ്റെ അംശം ഇല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കമ്പിയിൽ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മയക്കുവെടിയുടെ മരുന്നിൻ്റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല. പിൻവശത്തെ ഇടത്തേ കാലിനാണ് മയക്കുവെടി വെച്ചിരുന്നത്. അത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. ഇന്നലെയാണ് മയക്കുവെടി വച്ച് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പുലി ചത്തത്.

നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണൻ്റെ പറമ്പിലെ കമ്പിവേലിയിൽ ചൊവ്വാഴ്ച രാവിലെയാണ് പുലി കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ ഉച്ചയോടെ പുലിയെ കൂട്ടിലാക്കിയത്. വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ചത്. മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ പുലി അക്രമാസക്തയായതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

Read more