സഹകരണ ബാങ്കിലെ ലോക്കറില്‍ നിന്ന് 'കാണാതായ' സ്വര്‍ണം ബന്ധുവീട്ടിലെ അലമാരയില്‍ നിന്ന് കണ്ടെടുത്തു; വീട്ടമ്മയുടെ പരാതി വ്യാജം; നിയമനടപടി തുടരുമെന്ന് ബാങ്ക്

കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ സൂഷിച്ച സ്വര്‍ണം കാണതായെന്നുതെന്നുള്ള പരാതി വ്യാജം. വീട്ടമ്മ പരാതി ഉയര്‍ത്തിയ സ്വര്‍ണം ബന്ധുവീട്ടില്‍ നിന്നും കണ്ടെടുത്തു. ഉടമ തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.

എന്നാല്‍, ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവദിവസംതന്നെ ഇതു സംബന്ധിച്ച് ബ്രാഞ്ച് മാനേജര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉടമകളുടെ ബന്ധുവിന്റെ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതായി പറയുന്നതില്‍ ദൂരൂഹതയുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

എടമുട്ടം നെടിയിരിപ്പില്‍ സുനിതയും അമ്മ അഴീക്കോട് പോണത്ത് സാവിത്രിയുമാണ് കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണബാങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കാണാതായതായി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
ഇതേ ആവശ്യം ബാങ്ക് അധികൃതരും ഉയര്‍ത്തിയിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇന്നലെ വൈകിട്ടാണ് സ്വര്‍ണം നഷ്ടപ്പെട്ടില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുന്നത്. വലപ്പാട്ടെ ബന്ധുവീട്ടിലെ അലമാരയില്‍ നിന്നും ആധാരങ്ങളും വീടിന്റെ സ്‌കെച്ചും മറ്റും സൂക്ഷിച്ചിരുന്നു. ഈ അലമാരയില്‍ സ്വര്‍ണവും ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി ആഭരണങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. സ്വര്‍ണം തിരികെ കിട്ടിയെങ്കിലും പരാതി പിന്‍വലിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു ആരോപണം ഉയര്‍ന്നുവന്നതെന്നും അധികൃതര്‍ പറഞ്ഞു.