രാഹുലിന്റെ വരവ് ഇടതുമുന്നണിയെ ബാധിക്കില്ല; 20ല്‍20ഉം നേടുമെന്ന് കോടിയേരി

ലോകസഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭയമാണ് രാഹുലിനെ വയനാട്ടില്‍ മത്‌സരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. കേരളത്തില്‍ ഇടത് മുന്നണി 20 സീറ്റും നേടുമെന്നും കോടിയേരി പറഞ്ഞു.

സ്വന്തം മണ്ഡലത്തില്‍ ആത്മ വിശ്വാസമില്ലാത്ത രാഹുല്‍ എങ്ങനെയാണ് ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കുക എന്നും കോടിയേരി ചോദിച്ചു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇടതുമുന്നണി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഇടതുമുന്നണിക്ക് രാഹുലിനെ നേരിടുന്നതിനുള്ള കരുത്തുണ്ട്. സിപി ഐയുടെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ല. രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും തങ്ങളുടെ ശ്രമം. കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെയാണ് മത്സരിക്കുന്നത്. ബിജെപിക്ക് എതിരെയാണ് അവരുടെ മത്സരിമെങ്കില്‍ കേരളത്തില്ല രാഹുല്‍ മത്സരിക്കേണ്ടത്. സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ റോളുമില്ലെന്നും പിണറായി പിണറായി പറഞ്ഞിരുന്നു.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും കിട്ടില്ലെന്നതിന്റെ തെളിവാണ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. ഇടതു പക്ഷത്തിന്റെ ശക്തി എന്താണെന്ന് രാഹുലിന് കാണിച്ചുകൊടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.