'തല തന്നെ അറുത്ത് വെച്ചാലും കോൺഗ്രസ് നേതാക്കള്‍ക്ക് കുലുക്കമുണ്ടാവില്ല'; ലതിക സുഭാഷിന്റെ മുടി പോയെന്നല്ലാതെ വേറെ ഗുണമുണ്ടാവില്ലെന്ന് കോടിയേരി

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിൻറെ പ്രതിഷേധത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് വീഴ്ചയാണെന്നും എന്നാൽ ഈ പ്രതിഷേധം കൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുലുങ്ങില്ലെന്നും കോടിയേരി പറഞ്ഞു. ആരെങ്കിലും കഠിനഹൃദയരായ നേതാക്കളുടെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്യുമോയെന്നും കോടിയേരി ചോദിച്ചു

ലതികാ സുഭാഷ് സാധാരണ ഒരു വനിതാ പ്രവര്‍ത്തകയല്ല. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. അങ്ങനെ ഒരു പ്രസിഡന്റിനു പോലും ഒരു സീറ്റ് എവിടെയും കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

‘കെപിസിസി ഓഫീസിന്റെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്താലെങ്കിലും ഇവര്‍ ചിന്തിക്കുമെന്ന് വിചാരിച്ചായിരിക്കും തലമുണ്ഡനം ചെയ്തത്. ഇവരുടെ മുന്നിലൊക്കെ പോയി തല മുണ്ഡനം ചെയ്തിട്ട് വല്ല കാര്യമുണ്ടോ. ആരെങ്കിലും കഠിനഹൃദയരായ നേതാക്കളുടെ മുന്നില്‍ വെച്ച് തല മുണ്ഡനം ചെയ്യുമോ. തല തന്നെ അറുത്ത് വെച്ചാലും അവരുടെ നേതാക്കള്‍ക്ക് കുലുക്കമുണ്ടാവില്ല, പാവം ലതികാ സുഭാഷിന് മുടി പോയെന്നല്ലാതെ ഗുണമൊന്നുമുണ്ടാവുമെന്ന് തോന്നുന്നില്ല,’ കോടിയേരി പറഞ്ഞു.

കഴിഞ്ഞ തവണ നേമത്ത് നടപ്പിലാക്കിയ അതേ തന്ത്രം മലമ്പുഴയില്‍ ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് നീക്കം. യുഡിഎഫും ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ഭരണം എന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറകേ പോവില്ലെന്നും മുരളീധരന് നേമത്ത് ജയിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ എംപി സ്ഥാനം രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണം. ഒരു കാല്‍ ലോകസഭയിലും ഒരു കാല്‍ നിയമസഭയിലും എന്ന നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.