'മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നത്' തീവ്രവാദ നീക്കങ്ങളില്‍ സി.പി.എമ്മിനും ഭയം ; കോടഞ്ചേരി വിവാദത്തില്‍ ദീപിക എഡിറ്റോറിയല്‍

കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക . കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് പത്രത്തിന്റെ എഡിറ്റോറിയല്‍. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നത്. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രൈസ്തവ മുസ്ലീം സമുദായങ്ങളില്‍പ്പെട്ട എല്ലാ മനുഷ്യരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നുമാണ് എഡിറ്റോറിയയില്‍ പറയുന്നത്.

വിവാഹം പാര്‍ട്ടി അറിഞ്ഞില്ലെന്ന സിപിഎം വാദത്തെയും എഡിറ്റോറിയയില്‍ പരിഹസിക്കുന്നുണ്ട്. പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബം അറിയണ്ടേ. ദുരൂഹ വിവാഹം ആണോ മതേതരത്വം.തീവ്രവാദികളെക്കുറിച്ച് പാര്‍ട്ടിക്ക് അകത്ത് മാത്രം ചര്‍ച്ച മതിയോയെന്നും വിമര്‍ശനം

ദീപിക എഡിറ്റോറിയല്‍ പൂര്‍ണ്ണരൂപം

കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങളില്‍പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണിത്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കത്തോലിക്കാ യുവതിയെ കാണാതായതും പിന്നീട് ഡിവൈഎഫ്‌ഐക്കാരനായ മുസ്ലിം യുവാവിനൊപ്പം കോടതിയില്‍ ഹാജരായതും, വിവാഹത്തിനു തീരുമാനിച്ചെന്നും യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞതും അനന്തരസംഭവങ്ങളുമൊക്കെ വലിയ വിവാദമായി. വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയെത്തുടര്‍ന്ന് അവരെ ഇന്നു ഹാജരാക്കണമെന്നു ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉള്‍പ്പെടെയുള്ള ചില രാഷ്്ട്രീയ പാര്‍ട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതേസമയം, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ

മാര്‍ച്ച് 31നാണ് സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന അവധിക്കു വീട്ടിലെത്തിയത്. അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്ന വിദേശത്തു ജോലിയുള്ള യുവാവുമായുള്ള വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഏപ്രില്‍ ഒന്പതിന് ജോയ്‌സ്‌നയെ കാണാതാകുന്നതെന്നാണ് ജോയ്‌സ്‌നയുടെ പിതാവ് പറയുന്നത്. താമരശേരിക്കു പോയ ജോയ്‌സ്‌നയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അനുജത്തി, ജോയ്‌സ്‌നയുടെ സുഹൃത്തിനെ വിളിച്ചപ്പോഴാണ് ചേച്ചി ഇന്നു വരില്ല എന്നു സുഹൃത്ത് പറഞ്ഞത്. ചേച്ചിക്കു ഫോണ്‍ കൊടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ”ഇവര്‍ എന്നെ പിടിച്ചുവച്ചിരിക്കുകയാണ് വിടുന്നില്ല” എന്നു ജോയ്‌സ്‌ന പറഞ്ഞു. ഉടന്‍ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതോടെ ഭയന്നുപോയ കുടുംബം കോടഞ്ചേരി പോലീസില്‍ വിവരമറിയിച്ചെന്നുമാണ് ജോയ്‌സ്‌നയുടെ പിതാവ് അറിയിച്ചത്. നേരമേറെയായിട്ടും ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താനാകുന്നില്ലെന്നു പോലീസ് പറഞ്ഞതോടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം. തോമസുമായി ബന്ധപ്പെട്ടു. അതിനിടെയാണ് സിപിഎം, ഡിവൈഎഫ്‌ഐ നേതാവ് നൂറാംതോട് സ്വദേശി എം.എസ്. ഷെജിന്‍ എന്ന മുസ്ലിം യുവാവിനൊപ്പമാണ് ജോയ്‌സ്‌ന ഉള്ളത് എന്നറിയുന്നത്. പിറ്റേന്നു കോടതിയില്‍ ഹാജരാക്കുന്‌പോള്‍ ജോയ്‌സ്‌നയുമായി സംസാരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കാമെന്ന് സിപിഎം നേതാവ് പറയുകയും ചെയ്തു. പക്ഷേ, മാതാപിതാക്കള്‍ എത്തുംമുന്‌പേ ഷെജിനും ജോയ്‌സനയും കോടതിയില്‍നിന്നു മടങ്ങി. യുവാവിനൊപ്പം പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു യുവതി കോടതിയില്‍ പറയുകയും ചെയ്തു.

പാര്‍ട്ടി ഇടപെട്ടു തിരുത്തുന്നതിനുമുന്പ് സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് പറഞ്ഞത്, ഷെജിന്‍ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കില്‍, അങ്ങനെ മിശ്രവിവാഹം കഴിക്കണമെന്നുണ്ടെങ്കില്‍ അതു പാര്‍ട്ടിയെ അറിയിച്ച്, പാര്‍ട്ടിയുമായി ആലോചിച്ച്, പാര്‍ട്ടി സഖാക്കളുടെ നിര്‍ദേശം സ്വീകരിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു എന്നാണ്. പാര്‍ട്ടിയെ അറിയിക്കാതെ അടുത്ത സഖാക്കളോടുപോലും പറയാതെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതത്രേ. അതു കൊള്ളാം. ഇത്തരമൊരു തീരുമാനമെടുക്കുംമുന്പ് ഷെജിന്‍ അതു പാര്‍ട്ടിയോടും അടുത്ത സഖാക്കളോടും പറയണം. പക്ഷേ, പെണ്‍കുട്ടിയെ ഇത്രകാലം സ്‌നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടിയോ യുവാവോ ഒന്നും പറയേണ്ടതുമില്ല. വിദേശത്തു ലക്ഷങ്ങള്‍ ശന്പളമുള്ള ഉദ്യോഗസ്ഥയായല്ലല്ലോ അവള്‍ ജനിച്ചത്. അവളെ പഠിപ്പിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കാന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയത് മാതാപിതാക്കളാണ്. അവര്‍ക്കു സ്വന്തം മകളോട് ഒന്നു സംസാരിക്കാന്‍പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം

മറ്റൊരു കാര്യം സിപിഎം നേതാവ് പറഞ്ഞത്, പ്രഫഷണല്‍ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരമതസ്ഥരായ പെണ്‍കുട്ടികളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന പാര്‍ട്ടി രേഖയെക്കുറിച്ചാണ്. നേതാവു പറഞ്ഞത് പുതിയ കാര്യമല്ല. പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാക്കിയ ഇത്തരമൊരു രേഖയെക്കുറിച്ച് 2021 സെപ്റ്റംബറില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഒരു കാര്യം ഉറപ്പാണ്, ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനുപോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ചു ഭയമുണ്ട്. പാര്‍ട്ടിക്കകത്തു ചര്‍ച്ച ചെയ്യണം, ഒരക്ഷരം പുറത്തു പറയരുത്. ഇതാണോ നയം

ഇത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകള്‍ സംശയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിവാഹ ഒരുക്കത്തിനിടെ തന്റെ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ജോയ്‌സ്‌ന ഒരാളെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത് ആരാണ് അവിവാഹിതയായ ഒരു യുവതിയുടെ കൈയില്‍നിന്നു പണം വാങ്ങിയിട്ടു തിരിച്ചുകൊടുക്കാതിരുന്ന നേതാവ് അനുജത്തി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ”എന്നെ പിടിച്ചുവച്ചിരിക്കുകയാണ്, വിടുന്നില്ല” എന്നു ജോയ്‌സ്‌ന ഭയന്നു പറഞ്ഞതെന്തിനാണ് പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത് ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങള്‍ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേര്‍ക്കാറുള്ളത്. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകള്‍ക്കും സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലേ

ലൗ ജിഹാദ് ഉണ്ടായോ ഇല്ലയോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. കോടഞ്ചേരിയിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ അത്തരമൊരു വാദം ഉന്നയിച്ചിട്ടുമില്ല. ഷെജിന്റെ ഇതുവരെയുള്ള പശ്ചാത്തലവും അതല്ല. പക്ഷേ, മലയാളികളായ മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെക്കുറിച്ചൊക്കെ മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാന്പുകളില്‍ നരകിക്കുന്ന മക്കളെ രക്ഷിക്കാന്‍ നിമിഷയുടെ അമ്മ ബിന്ദുവും സോണിയയുടെ പിതാവ് സെബാസ്റ്റ്യനും കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു നടന്നതും കേരളം കണ്ടു. ആ മാതാപിതാക്കളെ സഹായിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളെയോ പുരോഗമനവാദികളെയോ ഒന്നും നാളിതുവരെ കണ്ടിട്ടുമില്ല. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്.

ക്രൈസ്തവര്‍ ഉള്‍പ്പെട്ട മിക്ക വിവാദങ്ങളിലും കൃത്യമായി ഒരു പക്ഷത്ത് നിലയുറപ്പിക്കാറുള്ള കെ.ടി. ജലീല്‍ പറഞ്ഞത്, രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹതീരുമാനത്തെ അഖിലലോക പ്രശ്‌നമാക്കി അവതരിപ്പിക്കുന്ന ശൈലി പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല എന്നാണ്. എന്തുകൊണ്ടാണ് ആയിരക്കണക്കിനു മിശ്രവിവാഹങ്ങള്‍ നടക്കുന്ന കേരളത്തില്‍ വിരലിലെണ്ണാവുന്ന ചിലതിനു മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെപ്പോലെയുള്ളവരാണ്.

മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങളില്‍പ്പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകും. ജോയ്‌സ്‌നയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണു ചെയ്യേണ്ടത്. അല്ലാതെ, ജോയ്‌സ്‌നയുടെ നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്റെയോ മതസൗഹാര്‍ദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടത്.