കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേത്; എല്ലാം കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് കുറ്റപത്രം‍

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് പ്രത്യേക അന്വേഷണ സംഘം. ഏപ്രിൽ മൂന്നിന് പുലർച്ചെ കാർ തട്ടിയെടുത്ത് കവർന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേത് തന്നെയാണ്.  സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. കേസിലെ പരാതിക്കാരനായ ആർഎസ്എസ് നേതാവും ഹവാല ഇടപാടുകാരനുമായ ധർമരാജന്റെ മൊഴിയും ഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.  കേസിൽ വെള്ളിയാഴ്‌ച ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

625 പേജുള്ള കുറ്റപത്രത്തിൽ കവർച്ചയുമായി ബന്ധമുള്ള 22 പേരാണ് പ്രതിപ്പട്ടികയിൽ. ഇതിൽ ബിജെപി നേതാക്കൾ ആരുമില്ല. 219 സാക്ഷികളുള്ളതിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏഴാമതായുണ്ട്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ, പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധർമരാജൻ, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്താ, ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായി ഉപയോഗിക്കാൻ കർണാടകയിൽ നിന്നു ബിജെപി നേതൃത്വത്തിന്റെ അറിവോടെ കടത്തിക്കൊണ്ടുവന്നതാണു പണമെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോടു നിന്നു വരുന്ന വഴി, തൃശൂരിൽ വച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്കു കൈമാറിയെന്നും ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്കു പോകുന്നതുവഴിയാണു കവർച്ചയെന്നും കുറ്റപത്രത്തിലുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണന്റെ നിയമോപദേശം കൂടി സ്വീകരിച്ച ശേഷമാണ് ഇന്നലെ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം നൽകിയത്.

Read more

കേസിൽ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എ.സി.പി. വി.കെ. രാജുവാണ് കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ.