കെ.സി.ആറിന്റെ മകള്‍ കല്‍വകുന്തല കവിതയെ പൂട്ടി; ഇന്‍കം ടാക്‌സ്, ഇ.ഡി റെയിഡുകള്‍ നടത്തിയ ഐ.ആര്‍.എസുകാരന്‍; കേരളത്തിലെ ഇ.ഡിയെ നയിക്കാന്‍ ദിനേശ് പരുച്ചൂരി

വിവിധ ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് റെയിഡുകള്‍ക്ക് നേതൃത്വം കൊടുത്ത ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറെ കേരളത്തിന്റെയാകെ ചുമതലയുള്ള ഇഡി തലവനായി നിയോഗിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഹൈദരാബാദ് ഇഡി അഡീഷണല്‍ ഡയറക്ടറായിരുന്ന ദിനേശ് പരുച്ചൂരിയെയാണ് കൊച്ചി മേഖല ഓഫീസ് തലവനായി നിയോഗിച്ചിരിക്കുന്നത്. അടുത്ത ആഴ്ച്ച അദേഹം ചുമതലയേല്‍ക്കും.

കൊച്ചിയുടെ ചുമതല ഉണ്ടായിരുന്ന ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദാര ബെംഗളൂരു മേഖലയുടെ തലവനായി മാറ്റി നിയോഗിച്ചിട്ടുണ്ട്. 2009 ഐആര്‍എസ് ബാച്ച് ഒദ്യോഗസ്ഥനാണ് ദിനേഷ്. ആദായ നികുതി വകുപ്പില്‍നിന്ന് ഡപ്യൂട്ടേഷനിലാണ് ദിനേശ് പരുച്ചൂരി ഇഡിയില്‍ എത്തിയത്. തെലുങ്കാന സ്വദേശിയായ അദേഹം നിരവധി ഇന്‍കം ടാക്‌സ് ഇഡി റെയിഡുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങാത്ത, രാജ്യത്തെ ഖജനാവിന്റെ ചോര്‍ച്ച അടക്കുന്ന മിടുക്കനായ ഐആര്‍എസുകാരനെന്നാണ് ദിനേശ് പരുച്ചൂരിയെ മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിക്കുന്നത്. 2022 ജൂലൈ 31നാണ് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അഡീഷണല്‍ ഡയറക്ടറായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
നേരത്തെ, ട്രാന്‍സ്‌കോയുടെ ജോയിന്റ് ഡയറക്ടറായി ആന്ധ്രാപ്രദേശില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഹൈദരാബാദിലും മുംബൈയിലും ആദായനികുതി വകുപ്പില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടോളിവുഡ് മയക്കുമരുന്ന് കേസ്, ഇഎസ്ഐ കുംഭകോണം, കാര്‍വി സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ്, ലോണ്‍ ആപ്പ് കേസ്, ഏറ്റവും പുതിയ ചിക്കോട്ടി പ്രവീണിന്റെ കാസിനോ തുടങ്ങി നിരവധി വിവാദമായ കേസുകള്‍ അന്വേഷിച്ചത് ഇദേഹം അടങ്ങിയ ടീമായിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിയില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കല്‍വകുന്തല കവിതയ്‌ക്കെതിരെ കുറ്റപത്രം നല്‍കിയത് ദിനേശ് പരുച്ചൂരിയാണ്. കേസില്‍ ഉള്‍പ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയില്‍ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മറ്റൊരു പ്രതിക്കെതിരെ നല്‍കിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമര്‍ശമുള്ളത്.

കവിത പ്രവര്‍ത്തിച്ചത് പ്രതിയായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയില്‍ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വേണ്ടി കവിത പ്രവര്‍ത്തിച്ചതായും ഇഡി പറഞ്ഞിരുന്നു. തെലുങ്കാനയില്‍ സ്വദേശിയല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ദിനേശ് പരുച്ചൂരിയെ സ്ഥാനക്കയറ്റം നല്‍കി കേരളത്തിലേക്ക് മാറ്റിയത്. സ്വര്‍ണ്ണ കടത്തില്‍ കേരളത്തിലെ ഇഡി അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ദിനേശ് പരുച്ചൂരിയുടെ വരവെന്നും ശ്രദ്ധേയമാണ്.