കെ.എം ഷാജി വിജിലന്‍സിന് മുമ്പില്‍ ഹാജരായി: ചോദ്യം ചെയ്യൽ തുടരുന്നു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനായി കെ.എം ഷാജി എംഎല്‍എ വിജിലന്‍സ് ഓഫീസിൽ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെ.എം ഷാജിക്ക് ഇന്നലെ വൈകിട്ട് വിജിലൻസ് നോട്ടിസ് നൽകിയിരുന്നു. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത പണം, സ്വർണം എന്നിവയുടെ ഉറവിടം, കണ്ടെടുത്ത 77 രേഖകൾ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.

ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു. കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത നാൽപ്പത്തി എട്ട് ലക്ഷത്തിലധികം രൂപ, കണ്ണൂരെയും കോഴിക്കോട്ടെയും വീടുകളിൽ നിന്ന് കണ്ടെത്തിയ 77 രേഖകൾ എന്നിവ ഇന്നലെ കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയിരുന്നു.

അനധികൃത സമ്പാദ്യമാണെന്ന് പറയാന്‍ മാത്രമുള്ള അളവില്ലാത്തതിനാല്‍ പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു. ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലന്‍സ് പിടിച്ചെടുത്ത 77 രേഖകള്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കും.

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. കോഴിക്കോട് വിജിലൻസ് എസ് പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളിൽ പരിശോധന നടത്തിയത്.