'നരഹത്യാ വകുപ്പ് നിലനില്‍ക്കും; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം; കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയത്. നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു.

നരഹത്യ ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജി പിന്നീട് കോടതി പരിഗണിക്കും. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു കീഴ്ക്കോടതി മനഃപൂര്‍വമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയത്.

ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. വാഹനപകട കേസില്‍ മാത്രമായിരിക്കും ഇനി വിചാരണ.

തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും വിചാരണ കൂടാതെ വിട്ടയക്കണമെന്നുമാണ് ശ്രീറാം ആവശ്യപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എഫ്‌ഐആറില്‍ താന്‍ പ്രതിയല്ല. രക്തസാമ്പിള്‍ എടുക്കാന്‍ വിമുഖത കാട്ടിയില്ലെന്നും പൊലീസാണ് വൈകിപ്പിച്ചതെന്നും ശ്രീറാം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.