മാധ്യമ പ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ക്കെ ശ്രീറാമിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ ഉണ്ടായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

വാഹനം ഓടിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പൊലിസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനാഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തല്‍ . ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു എന്നും ശ്രീറാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സീറ്റിലിരുന്ന ആള്‍ക്കുള്ള പരിക്കാണെന്നും ആണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്