മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കാനായി പൊലീസ് നടത്തിയ വാദം കള്ളമെന്ന് തെളിയിച്ച് വിവരാവകാശ രേഖ. മ്യൂസിയം റോഡ്, രാജ്ഭവന് ഭാഗങ്ങളില്‍ പോലീസിന്റെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരാവകാശ വിവരാവകാശ രേഖയില്‍ പറയുന്നു.
ഓഗസ്റ്റ് രണ്ടിനാണ് മ്യൂസം റോഡ് ഭാഗത്ത് കെ.എം ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന് അപകടപ്പെടുത്തിയത്. അപകടം നടന്ന ശേഷം പോലീസ് പറഞ്ഞത് സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ ഒന്നും തന്നെ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ്. പലതിലും റെക്കോഡിംഗ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ മറ്റൊരു വാദം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഈ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത് മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന് ഭാഗത്ത് രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് തന്നെയാണ്. ഇതില്‍ ഫിക്സഡ് ക്യാമറ ഉള്‍പ്പടെ ഉണ്ട് എന്ന് വിശദമായി തന്നെ പോലീസ് വ്യക്തമാക്കുന്നു.
Read more
തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. സി.സി ടി.വി ദൃശ്യങ്ങള്‍ കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തേക്ക് വരുന്നത്.







