'ബന്ധം സിപിഎമ്മിനേക്കാൾ മറ്റ് പലരുമായും'; ബോംബ് നിർമ്മാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്ന് കെ.കെ ശൈലജ

പാനൂർ സ്ഫോടനകേസിൽ പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സിപിഎം. സ്ഫോടനമുണ്ടായ ബോംബ് നിർമാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ പറഞ്ഞു. ബോംബ് നിർമ്മാണ സംഘവുമായി സിപിഎമ്മിന് പങ്കുണ്ടെന്നാരോപിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ രംഗത്തെത്തിയിരുന്നു.

ബോംബ് നിർമാണ സംഘത്തിലുള്ളവർക്ക് സിപിഎമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധമെന്നും കെ.കെ ശൈലജ പറഞ്ഞു. അത് എന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. യു ഡി എഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുന്നതെന്നും കെ.കെ ശൈലജ ആരോപിച്ചു.

പാനൂർ സ്ഫോടനകേസുമായി ബന്ധപ്പെട്ട സംഘാംഗത്തിനൊപ്പമുള്ള ചിത്രം പ്രചരിക്കുന്നതിലും ശൈലജ പ്രതികരിച്ചു. പല പരിപാടികൾക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കാറുണ്ടെന്നും ഫോട്ടോ എടുക്കാൻ വരുന്നവരുടെ പശ്ചാത്തലം നോക്കാറില്ലെന്നും ശൈലജ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് എന്തിനാണ് ബോംബ് തിരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നതെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഷാഫി പറമ്പിലിന്റെ ആരോപണം. എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടിരുന്നു. പുരോഗമനം പ്രസംഗിക്കുമ്പോഴും സിപിഎം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായത്. സ്ഥാനാർഥിയോട് ചേർന്ന് നിൽക്കാൻ പാനൂർ കേസിലെ പ്രതികൾക്ക് എങ്ങനെ സാധിച്ചുവെന്നും ഷാഫി പറമ്പിൽ ചോദിച്ചിരുന്നു.

അതേസമയം ഷാഫി പറമ്പിലിന്റെ വാർത്താസമ്മേളനത്തിനെതിരെ ടി.പി രാമകൃഷ്ണൻ രംഗത്തെത്തി. ഷാഫിയുടെ പത്രസമ്മേളനം ഭയം പരത്തുന്നതാണെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും ഭിന്നിപ്പിച്ച് വോട്ടുണ്ടാക്കാനാണ് ശ്രമമെന്നും ടി.പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി.