വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

ഒളരിക്ക് പിന്നാലെ തൃശൂര്‍ വാടാനപ്പള്ളിയിലും കിറ്റ് വിതരണ വിവാദം. മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ സ്വകാര്യ ഗോഡൗണില്‍ ബിജെപി വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ സംഘര്‍ഷം. രണ്ടായിരത്തോളം കിറ്റുകളാണ് എത്തിച്ചത്. ഇത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു.

വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായി.

സൂപ്പര്‍മാര്‍ക്കറ്റിന് അകത്തുള്ളവരെ അറസ്റ്റ് ചെയ്യണമന്ന് ടി. എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. സാധനങ്ങള്‍ പിടിച്ചെടുക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു.