കെവിന്‍ കേസ്: എസ്.ഐ ഷിബുവിന് എതിരെ വകുപ്പുതല നടപടി; ഷിബുവിനെ തിരിച്ചെടുത്തത് അറിയില്ലെന്ന് ഡി.ജി.പി

കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായി സ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി നിയമിച്ചു. വകുപ്പുതല നടപടികളോടെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയെ ആയി തരം താഴ്ത്തിയാണ് നിയമനം. പിരിച്ചു വിടാന്‍ നിയമതടസ്സമുണ്ടെന്നാണ് വിശദീകരണം. അതേസമയം എസ്‌ഐയെ തിരിച്ചെടുത്തത് അറിയില്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

ഷിബു ഗാന്ധി നഗര്‍ എസ്.ഐ ആയിരിക്കുമ്പോഴാണ് കെവിന്‍ കൊല്ലപ്പെട്ടത്. ഷിബുവിനെ തിരിച്ചെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇതിനെതിരെ പരാതി നല്‍കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഷിബു സര്‍വീസില്‍ പ്രവേശിച്ചത്.

കെവിനെ തട്ടിക്കൊണ്ടു പോയ ഉടനെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു. നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചു വിട്ടിരുന്നു. മറ്റു ചില പോലീസുകാരുടെ ആനുകൂല്യം തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു.

കെവിന്റെ ഒന്നാം ഓര്‍മ്മദിനത്തിലാണ് കേസില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐയെ സര്‍വീസില്‍ തിരിച്ചെടുത്തു ഐജി വിജയ് സാക്കറെ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കെവിന്‍ വധക്കേസ്.