ചൈനയെപ്പോലെയല്ല, കേരള മുഖ്യന് ഒരേസമയം രണ്ട് ഹൂറികളുമായി മധുവിധു; കടുത്ത വിമർശനവുമായി ആര്‍.എസ്.എസ് മുഖപത്രം

മുഖ്യമന്ത്രി പിണറായി വിജയനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്കുമെതിരെ കടുത്ത വിമർശനവുമായി ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാരിക. കോഴിക്കോട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് പിണറായിയും കാന്തപുരവും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം.

‘ചൈനക്കും മാതൃക വിജയന്‍ ഭരണം’ എന്ന തലക്കെട്ടോടെയാണ് ലേഖനം. നവദമ്പതികളെ പോലെ പരസ്പരം കൈകോര്‍ത്ത്, ദാമ്പത്യത്തിന്റെ സ്വപ്നവുമായി മുഖ്യമന്ത്രിയും എ.പി. അബൂബക്കര്‍ മുസ്ല്യാരും കോഴിക്കോട്ട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിന് പടികയറുമ്പോള്‍, ഇടതുപുരോഗമനക്കാരുടെ മുഖം അല്‍പം മങ്ങിയെങ്കിലും ചൈനയിലെ ആജീവനാന്ത സര്‍വാധിപതി ഷി ചിങ്പിങ്ങിന്റെ മനസ് കുളിര്‍ത്തുവെന്ന് ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

നവദമ്പതികളെ പോലെ പരസ്പരം കൈകോര്‍ത്ത് മുഖത്ത് ദാമ്പത്യത്തിന്റെ സ്വപ്നവുമായി മുഖ്യമന്ത്രി വിജയന്‍ സഖാവും എ.പി.അബൂബക്കര്‍ മുസ്ല്യാരും കോഴിക്കോട്ട് മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിന് പടി കയറുമ്പോള്‍ ഇടതു പുരോഗമനക്കാരുടെ മുഖം അല്പം മങ്ങിയെങ്കിലും ചൈനയിലെ ആജീവനാന്ത സര്‍വ്വാധിപതി ഷി ജിങ്പിങ്ങിന്റെ മനസ്സ് കുളിര്‍ത്തു. മക്കളുടെ ദാമ്പത്യം പുഷ്‌കലമാകുമ്പോള്‍ കുളിര്‍ക്കുക രക്ഷിതാവിന്റെ ഹൃദയമാണല്ലോ. താലിബാനുമായി സഖ്യത്തിലായ ചൈനയ്ക്ക് പേരില്‍ താലിബാനില്ലെങ്കിലും വേഷത്തിലും മനസ്സിലും താലിബാനുള്ള സുന്നി യാഥാസ്ഥിതിക മതപണ്ഡിത•ാരെ കൂട്ടുപിടിക്കുന്ന വിജയന്‍ സഖാവിന്റെ ചുകപ്പന്‍ വിപ്ലവത്തിന് അഭിവാദ്യമര്‍പ്പിക്കാതെ പറ്റില്ലല്ലോ.

2021 ജൂലായ് 18 ന് ബീജിങ്ങിന് അകലെയല്ലാത്ത തിയാന്‍ജിന്‍ എന്ന ചൈനീസ് തുറമുഖ നഗരത്തില്‍ വെച്ച് ചൈനയുടെ വിദേശകാര്യമന്ത്രി വാങ്ങ് യിയും ദോഹയിലെ താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുള്ള അബ്ദുള്‍ ഗാനി ബരാദാറും വിശ്വസ്ത സുഹൃത്തുക്കളെ പോലെ ചര്‍ച്ച ചെയ്യുക മാത്രമല്ല പരസ്പരം കൈകോര്‍ത്ത് മധുവിധുവിലേക്ക് കടക്കുകയും ചെയ്തു. അവര്‍ കയ്യോട് കൈ ചേര്‍ത്ത് നില്‍ക്കുന്ന പടം പത്രങ്ങളില്‍ വരുകയുണ്ടായി. ഇതിനുശേഷം താലിബാന്‍കാര്‍ താല്പര്യപൂര്‍വ്വം കമ്മ്യൂണിസത്തെക്കുറിച്ചു പഠിക്കുകയാണെന്നാണ് ഹിന്ദു പത്രത്തിലെ രണ്ടു പത്രക്കാര്‍ ചേര്‍ന്നെഴുതിയ ഒരു പുസ്തകത്തില്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും നല്ല സുഹൃദ്ബന്ധമുള്ള അയല്‍ രാജ്യമായി താലിബാനെ കരുതുന്നു എന്നുമാണ് ചൈനയുടെ പുതിയ നിലപാട്. ചൈനാ താലിബാന്‍ ബന്ധത്തില്‍ പുതിയ യുഗം തുറക്കുകയാണത്രെ!

ചൈന താലിബാന്‍ എന്ന ഒരു ഹൂറിയുമായാണ് മധുവിധു ആഘോഷിക്കുന്നതെങ്കില്‍ കേരള മുഖ്യന്‍ വിജയന്‍ സഖാവ് ഒരേ സമയം ഇത്തരം രണ്ടു ഹൂറികളുമായാണ് മധുവിധു ആഘോഷിക്കുന്നത്. ഒന്ന് സമസ്ത സുന്നിയും മറ്റേത് എ.പി. സുന്നിയും. ഈ രണ്ട് ഹൂറിമാരും പരസ്പരം പോരടിക്കുന്നവരാണ്. നേരത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടു ചേര്‍ന്നതിന് കാന്തപുരം ഗ്രൂപ്പിനെ അരിവാള്‍ സുന്നിയെന്നു വിളിച്ച് കളിയാക്കിയവരാണ് സമസ്ത എന്ന പുതിയ ഹൂറി. ലീഗ് നേതൃത്വവുമായി സൗന്ദര്യപിണക്കത്തിലായ സമസ്തക്കാര്‍ വിജയന്‍ സഖാവിനോട് പരസ്യമായി അടുപ്പം കാണിക്കാന്‍ തുടങ്ങിയിട്ട് അധികം നാള്‍ ആയില്ല. പുതിയ ഹൂറി വന്നപ്പോഴും പഴയ ഹൂറിയുടെ കയ്യും പിടിച്ച് സഖാവ് മധുവിധുവിന്റെ സ്മരണ പുതുക്കുന്ന കാഴ്ചയാണ് മര്‍ക്കസ് സ്‌കൂള്‍ ഉദ്ഘാടനത്തിന് കണ്ടത്. ചൈന ദീര്‍ഘകാലം ഗവേഷണം നടത്തിയാണ് താലിബാനുമായി അടുത്തത്. എന്നാല്‍ അതൊന്നുമില്ലാതെയാണ് വിജയന്‍ സഖാവ് കീരിയുംപാമ്പുമായ രണ്ടു സുന്നികളെയും ഇടതും വലതും നിര്‍ത്തിയത്. ഇത് കണ്ട് ചൈനയിലെ ജിങ് പിങ് സഖാവിനെ നമസ്‌കരിച്ചില്ലെങ്കിലേ അതിശയിക്കേണ്ടൂ.