ഇനി മുതല്‍ വെറും 'കള്ള്' അല്ല, കേരള ടോഡി; ആഢംബര ഹോട്ടലുകളിലെ നീന്തല്‍ക്കുളങ്ങളിലുമെത്തും

ആഢംബര ഹോട്ടലുകളിലും ഇനി മുതല്‍ കേരള ടോഡിയെന്ന പേരില്‍ കള്ള് ലഭിക്കും. കേരള ടോഡി എന്ന പേരില്‍ കള്ളിനെ സംസ്ഥാനത്തിന്റെ പരമ്പരാഗത ലഹരിപാനീയമായി കള്ളിനെ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ആഢംബര ഹോട്ടലുകളില്‍ കള്ള് ചെത്തി വില്‍ക്കാന്‍ അനുമതി നല്‍കുന്നതാണ് പദ്ധതി. 10,000രൂപയാണ് ഇതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക ഫീസ്. ഭക്ഷണശാലയിലും നടുമുറ്റത്തും നീന്തല്‍ക്കുളത്തിലും കള്ള് നല്‍കാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കും.

ഹോട്ടല്‍ വളപ്പിലെ തന്നെ തെങ്ങുകള്‍ ചെത്തി കള്ള് വില്‍ക്കാനാണ് അനുമതി നല്‍കുന്നത്. പ്രതിദിനം ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് രേഖപ്പെടുത്തണം. ഇത്തരത്തില്‍ ചെത്തിയെടുക്കുന്ന കള്ള് പുറത്ത് വിറ്റാല്‍ 50,000 രൂപ പിഴ ഈടാക്കും. മധുരക്കള്ളും പുളിപ്പിച്ച കള്ളും ഹോട്ടലുകളില്‍ വില്‍ക്കാനാകും.

Read more

കള്ള് ചെത്തി വില്‍ക്കാന്‍ ബാര്‍ ലൈസന്‍സ് വേണ്ടെന്നതും ശ്രദ്ധേയമാണ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് കള്ള് വില്‍പ്പനയ്ക്കുള്ള സമയപരിധി. എന്നാല്‍ ഡ്രൈ ഡേകളില്‍ വില്‍പ്പന പാടില്ല.