കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നത് പഠിക്കും: മന്ത്രി ആര്‍. ബിന്ദു

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍ ബിന്ദു. വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും വിവിധതലങ്ങളില്‍ സംവാദം സജീവമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

ഉപരിപഠനത്തിനായി കേരളത്തില്‍ നിന്നും വിദേശത്തേക്കു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഭൂരിഭാഗവും പഠനത്തിനായി വിദ്യാഭ്യാസ വായ്പയെ ആണ് ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ പലരും ബിരുദ കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളും ചെയ്യാനാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഭൂരിഭാഗം പേരും കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

ഉപരിപഠനത്തിനായി കൂടുതല്‍ വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്നത് കാനഡയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലികള്‍ ചെയ്യാനുള്ള ഓപ്ഷനും കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് വര്‍ഷം വരെ മുഴുവന്‍ രാജ്യത്ത് തുടരാനുള്ള അവസരവുമാണ് കാനഡയോട് പ്രിയം കൂടാന്‍ കാരണം.

ഉപരിപഠനത്തിനായി കേരളത്തില്‍ നിന്നും യുകെയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും ഒട്ടും കുറവല്ല. രണ്ട് വര്‍ഷത്തെ സ്റ്റേ-ബാക്കും പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരവും യുകെയിലുണ്ട്.