'നോട്ടീസ് ലഭിച്ചിട്ടില്ല, ചോദ്യം ചെയ്യലിന് വിളിച്ചത് ഫോണിൽ'; കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ലെന്ന് സ്പീക്കറുടെ സെക്രട്ടറി

വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പന്‍. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പൻ പ്രതികരിച്ചു. നോട്ടീസ് കിട്ടിയാല്‍ ഹാജരാവുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

സ്വർണക്കടത്ത് കേസിൽ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണന്‍റെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും. ഹരികൃഷ്ണൻ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. വിമാനത്താവളം വഴി നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. നേരത്തെയും കസ്റ്റംസ് ഹരികൃഷ്ണനെ വിളിച്ച് വരുത്തി മൊഴി എടുത്തിരുന്നു.

ഇതിനിടെ കേസിൽ റിമാൻഡ് കാലാവധി അവസാനിക്കുന്ന സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഓൺലൈൻ വഴിയാകും നടപടികൾ.