'മണിയുടെ നാടൻപ്രയോഗങ്ങളും ആംഗ്യങ്ങളും കേരള സമൂഹം അംഗീകരിച്ചത്, എസ് രാജേന്ദ്രൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയല്ല'; സി വി വർഗീസ്

മൂന്നാറിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. മണിയുടെ നാടൻപ്രയോഗങ്ങളും ആംഗ്യങ്ങളും കേരള സമൂഹം അംഗീകരിച്ചതാണെന്ന് സി വി വർഗീസ് പറഞ്ഞു. അതേസമയം എസ് രാജേന്ദ്രൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്നും സി വി വർഗീസ് കൂട്ടിച്ചേർത്തു.

എംഎം മണിയുടെ പദപ്രയോഗത്തെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും സി വി വർഗീസ് പറഞ്ഞു. ദേവികുളം മുൻ എം എൽ എയും സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ മൂന്നാറിൽ നടന്ന സിപിഐഎമ്മിന്റെ പൊതുയോഗത്തിലാണ് എം എം മണിയുടെ ഭീഷണി.

Read more

പാർട്ടി ആനുകൂല്യത്തിൽ എംഎൽഎ ആയ രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിക്കണമെന്ന് പറഞ്ഞ എം എം മണി പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും പ്രസംഗത്തിനിടയിൽ ആംഗ്യം കാണിച്ചു. രാജേന്ദ്രൻ ആർഎസ്എസിലോ, ബിജെപിയിലോ ചേർന്നാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ലന്നും പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ താനാണെങ്കിലും തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞിരുന്നു.