ഹിമാചലിന് കേരളത്തിന്റെ കൈത്താങ്ങ്; ദുരിതാശ്വാസ നിധിയില്‍നിന്ന് ഏഴു കോടി ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി

ഹിമാചല്‍ പ്രദേശില്‍ സമീപകാലത്തെ മഴയില്‍ മനുഷ്യജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിമാചല്‍ സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് കോടി രൂപ ധനസഹായം അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു.

ഭരണ നിര്‍വ്വഹണത്തിലെ പുതിയ ഒരധ്യായമാണ് നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസെന്നും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഭരണ നിര്‍വ്വഹണം അതിന്റെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു.

അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തുകള്‍. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തുകള്‍ വലിയ വിജയമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത് അവലോകനം നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങള്‍ നടന്നു.