വെടിയുണ്ട കാണാതായ കേസ്; എസ്.ഐ കസ്റ്റഡിയിൽ, അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

കേരളാ പൊലീസിന്‍റെ  വെടിയുണ്ടകൾ കാണാതായ കേസിൽ നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച് . അന്വേഷണത്തിന്‍റെ ഭാഗമായി എസ്എപി ക്യാമ്പിലെ എസ്ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അധികം വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. വെടിയുണ്ടകൾ കാണാതായ കേസിൽ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് .

കേരള പൊലീസിന്‍റെ കൈയിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തൽ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തിരകൾ കാണാതായ കേസിൽ കണക്കെടുപ്പ് ഉണ്ടായപ്പോൾ 350 വ്യാജ കേയ്സുകൾ ഉണ്ടാക്കി കണക്കെടുപ്പിൽ ഹാജരാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റഡിയും അറസ്റ്റിനുള്ള നീക്കവും നടക്കുന്നത്. രണ്ട് മണിയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം

സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേട് ഉണ്ട്. ഈ സാഹചര്യത്തിൽ തോക്ക് പരിശോധിച്ച അതേ പോലെ തിരകളും പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.