അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കേരളത്തില്‍ ആദ്യ തടങ്കല്‍പാളയം; മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശ പൗരന്‍മാരെ താമസിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ തടങ്കല്‍ പാളയം നാളെ തുറക്കും. സാമൂഹ്യനീതി വകുപ്പിനുകീഴില്‍ കൊല്ലം മയ്യനാട് ആരംഭിക്കുന്ന തടങ്കല്‍ പാളയം മന്ത്രി ആര്‍ ബിന്ദുവാണ് ഉദ്ഘാടനം ചെയ്യുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്‌പോര്‍ട്ട്, വിസ കാലാവധിക്കു ശേഷം രാജ്യത്ത് തുടരുന്നവരെയും, ശിക്ഷാകാലാവധിക്ക് ശേഷമോ പരോളിലോ ജയില്‍മോചിതരാകുകയോ ചെയതവര്‍, മറ്റുവിധത്തില്‍ സംരക്ഷണം വേണ്ടവര്‍ എന്നിങ്ങനെയുള്ള വിദേശപൗരന്മാര്‍ക്കുള്ള താല്ക്കാലിക താമസ സൗകര്യമൊരുക്കാന്‍ തടങ്കല്‍ പാളയങ്ങര്‍ള്‍ ആരംഭിക്കണമെന്ന് ഹെക്കോടതി ഉത്തരവിട്ടിരുന്നു.

നൈജീരിയന്‍ സ്വദേശികളായ രണ്ടുപേര്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി നടത്തിയ ഇടക്കാലവിധികളുടെ അടിസ്ഥാനത്തിലാണ് ഡിറ്റഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 2020 ല്‍ പുറപ്പെടുവിച്ച വിധിയില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന് കീഴില്‍ തൃശ്ശൂരിലെ പൂങ്കുന്നത്ത് 2021 മെയ് 13 മുതല്‍ വാടകക്കെട്ടിടത്തില്‍ താല്‍ക്കാലികമായി തടങ്കല്‍ പാളയം ആരംഭിച്ചിരുന്നു.

തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനുവലിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗ്ഗരേഖയുണ്ടാക്കി രണ്ട് ഡിറ്റഷന്‍ ഹോമുകള്‍ താല്‍ക്കാലികമായി ആരംഭിക്കാനുള്ള നിര്‍ദ്ദേശം സാമൂഹ്യനീതി ഡയറക്ടര്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആഭ്യന്തരവകുപ്പിന് കീഴില്‍ പോലീസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ താല്‍ക്കാലികമായി ആരംഭിച്ച തടങ്കല്‍ പാളയത്തിന് പകരം കെട്ടിടം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് നിര്‍മാണം ആരംഭിച്ചത്.