എഐ ക്യാമറകള്‍ കണ്ണ് തുറക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ!

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അതിന് ശേഷമേ പിഴ ചുമത്തി തുടങ്ങുകയുള്ളൂ.

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ വേഗം, റെഡ് ലൈറ്റ് തെറ്റിക്കല്‍, പാര്‍ക്കിംഗ് എന്നിവയാണ് ക്യാമറ നിരീക്ഷിക്കുക. നിയമലംഘനം നടത്തി ക്യാമറയില്‍ പെട്ടാല്‍ പിഴ നോട്ടിസ് നേരിട്ട് വാഹനമോടിച്ച ആള്‍ക്ക് ലഭിക്കും.

കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം.

ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടര്‍ന്നുള്ള ക്യാമറകളില്‍ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിന് പിഴ വരും.