നിയമസഭാ സമ്മേളനം ഇന്ന് അവസാനദിനം; പരിഗണിക്കാനൊരുങ്ങുന്നത് ആറു ബില്ലുകള്‍ , സമ്മേളനം വെട്ടിച്ചുരുക്കിയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച്

കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഇന്ന് സമാപനമാകും. അവസാന ദിനമായ ഇന്ന് ആറ് ബില്ലുകളാണ് സഭ പരിഗണിക്കുക. ഇന്ന് അവസാനിക്കുന്ന നിയമസഭ സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും.

ഈ മാസം 24 വരെയാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. എന്നാൽ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമ്മേളനം തുടരുന്നത് തടസ്സമാകുമെന്നാണ് വിലയിരുത്തൽ. സഭ തുടർന്നാൽ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാന്‍ തടസ്സമാവും. ഈ സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും സമ്മേളനം വെട്ടിച്ചുരുക്കാന്‍ ധാരണയിലെത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെയാണ് കോൺഗ്രസ് പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും.