രാജ്യത്തിന്റെ പേരുമാറ്റം ഭരണഘടന വിരുദ്ധമല്ല, ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്ന്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്യത്തിന്‌‍റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരതം എന്നു മാറ്റുന്നതിനെ അനുകൂലിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാഠപുസ്തകങ്ങളിലെ പേരുമാറ്റത്തിനുള്ള ശുപാർശ വിവാദമായതോടെയാണ് ഗവർണറുടെ പ്രതികരണം.

NCERT-യിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും,ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണെന്നുമാണ് ഗവർണറുടെ വാദം.ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ​ഗവർണർ പറഞ്ഞു.

മു​ഗളന്മാർക്കും സുല്‍ത്താന്മാർക്കും ബ്രിട്ടീഷുകാർക്കും മാത്രം പ്രാധാന്യം നല്‍കിയുള്ള ചരിത്രം പഠിപ്പിക്കുന്നതില്‍ നിന്ന് ഒരു മാറ്റമാണ് ഭാരത് എന്ന പേരുമാറ്റത്തിലൂടെ പ്രധാനമായും ഉദ്ദേശിച്ചതെന്ന് എന്‍ സി ഇ ആര്‍ ടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും ചരിത്രകാരനുമായ പ്രൊഫസര്‍ സി.ഐ ഐസക് നേരത്തെ പറഞ്ഞിരുന്നു.