പ്രചാരണത്തിന് ഫ്ലെക്സ് ഉപയോഗിച്ചാൽ കേസെടുക്കണമെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നീക്കം ചെയ്യുന്ന ഫളക്‌സ് ബോര്‍ഡുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തന്നെ തിരിച്ചേല്‍പ്പിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരുകാരണവശാലും ഫ്‌ളക്‌സുകള്‍ നിക്ഷേപിക്കാന്‍ പാടില്ല. ഇക്കാര്യങ്ങളിൽ ജില്ലാ കളക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

നിയന്ത്രണങ്ങളില്ലാതെ പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയുടെ ഇടപെടല്‍. ഫ്‌ളക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ അതാത് സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുകയും വേണം. പിടിച്ചെടുക്കുന്ന ഫള്ക്‌സുകള്‍ പൊതുസ്ഥലത്ത് കൂട്ടിയിടുന്നത് ഒഴിവാക്കണം. പ്രകൃതിക്ക് ദോഷമല്ലാത്ത വിധത്തില്‍ നശിപ്പിച്ചു കളയണം. ഫള്ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പരിസ്ഥിതി സൗഹൃദമായ ബോര്‍ഡുകള്‍ മാത്രമെ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കാവൂ എന്ന് ഡിവിഷന്‍ ബെഞ്ചും ഉത്തരവിറക്കിയിരുന്നു. ഇത് കൂടുതല്‍ കർശനമായി നടപ്പാക്കുന്ന തരത്തിലുള്ള ഉത്തരവാണ് ഇപ്പോള്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.