നടപടി നിലനില്‍ക്കില്ല, റദ്ദാക്കുന്നു; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി തടഞ്ഞു; ഹൈക്കോടതിയില്‍ നിന്ന് അടിയേറ്റ് ഗവര്‍ണര്‍

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്ക് കനത്ത തിരിച്ചടി. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്നും, അതിനാല്‍ റദ്ദാക്കുന്നതായും വിധിയില്‍ ഹൈക്കോടതി ജസ്റ്റിസ് സതീശ് നൈനാന്‍ വ്യക്തമാക്കി.

കേരള സര്‍വകലാശാല വിസിയെ തെരഞ്ഞെടുക്കാനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ ഇതില്‍ തീരുമാനമെടുക്കാതെ വിട്ടു നിന്നതോടെയാണ് ഗവര്‍ണര്‍ അസാധാരണ നടപടിക്ക് മുതിര്‍ന്നത്.

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചാണ് ഗവര്‍ണര്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചാന്‍സലര്‍ ആയ തനിക്കെതിരെ നിഴല്‍യുദ്ധം നടത്താനാണ് സെനറ്റ് അംഗങ്ങള്‍ ശ്രമിച്ചതെന്ന് ഗവര്‍ണര്‍ കോടതിയില്‍ വാദിച്ചിരുന്നു.