ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കിയെന്നും സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നുവെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ വിമർശനഭാഗം ഗവർണർ വായിച്ചു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ ഗവർണർ വിമർശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും ഗവർണർ വിമർശിച്ചു. കൂടാതെ സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു.







