ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി ഉയർത്തി കേരളം, 15 വര്‍ഷം പഴക്കമുള്ളവ ഇനി കട്ടപ്പുറത്താകില്ല

ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി ഉയർത്തിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കാലാവധി 22 വര്‍ഷമാക്കിയാണ് ഉയർത്തിയത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നീട്ടിനല്‍കിയിരുന്നില്ല. ഇവയ്ക്ക് ഏഴുവര്‍ഷം കൂടി ഇനി ഓടാനാകും.

ഹരിത ഇന്ധനത്തിലേക്കു മാറ്റുന്നതിനാവശ്യമായ സൗകര്യമില്ല എന്ന കാര്യം കണക്കിലെടുത്താണ് നടപടി. അരലക്ഷം ഡീസല്‍ വാഹനയുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നായിരുന്നു പ്രാഥമിക സൂചന. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. ഇതിനായി കേരളാ മോട്ടോര്‍ വാഹനചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്നും സൂചനകളുണ്ടായിരുന്നു.

15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുമെന്നും നിർദേശം ഉണ്ടായിരുന്നു. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളുടെ നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങളും മുമ്പ് ഉണ്ടായിരുന്നു.

കേരളത്തിന്റെ ഇലക്ട്രിക് വാഹന നയം അനുസരിച്ച് മലിനീകരണം ഇല്ലാത്ത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കരുത്തിലും, സിഎന്‍ജി, എല്‍പിജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്.