പൗരത്വ ഭേദഗതി ബില്ല്, എന്‍.ആര്‍.സി പ്രതിഷേധം: ഡിസംബര്‍ 17-ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

പൌരത്വ ഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17-ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു. 35-ഓളം സംഘടനകളാണ് ഒരുമിച്ച് ഹര്‍ത്താലിന് പിന്തുണയുമായ് രംഗത്ത് എത്തിയത്.

സംയുക്ത സമിതിയുടെ പ്രസ്താവന

പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വഴി
രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക.

ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍.ആര്‍.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5a, 5b, 5c, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത് . രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍.ആര്‍.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.