മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം. എൽഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനത്തിന് പിന്തുണ നല്‍കാനാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന നിലപാട് ജോസ് കെ മാണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇടഞ്ഞ് നിൽക്കുന്ന അഞ്ച് എംഎല്‍എമാരുടെ നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിന് തലവേദനയുണ്ടാക്കിയിരുന്നത്. ഇവരെ ജോസ് കെ മാണി വിളിച്ച് സംസാരിക്കുകയും സമവായമുണ്ടാക്കുകയും ചെയ്‌തെന്നാണ് വിവരം. സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ ജോസിന് നൂറ് ശതമാനം പിന്തുണ അറിയിച്ചതായാണ് വിവരം. ചെയര്‍മാന്‍ എന്ത് നിലപാടെടുക്കുന്നോ അതിനൊപ്പം അണിനിരക്കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.
യുഡിഎഫ് തങ്ങളെ ചവിട്ടിപുറത്താക്കിയപ്പോള്‍ ചേര്‍ത്ത് പിടിച്ചത് എല്‍ഡിഎഫെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കൂടുതല്‍ സീറ്റുകള്‍ക്ക് കേരള കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഉയര്‍ന്ന പൊതുവായ ആവശ്യം. ഇടതുപക്ഷമാണ് തുടര്‍ന്നും അധികാരത്തിലെത്തുകയെന്ന് ജോസ് കെ മാണി പ്രതികരിച്ചു.







