കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയുന്നു; ഇരുപാര്‍ട്ടികളും തമ്മില്‍ സജീവ അന്തര്‍ദ്ധാര; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്പോള്‍ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസും യുഡിഎഫും. കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോണ്‍ഗ്രസ് മനസ്സും ചേരുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അരയക്ഷരംപോലും പറയാത്തവരാണ് കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍.

നാട് പുരോഗതി നേടരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍, യുഡിഎഫ് സമീപനത്തിനുള്ള മറുപടിയാണ് നവകേരളസദസ്സിലെത്തുന്ന വന്‍ ജനക്കൂട്ടം. എന്നാല്‍, കോണ്‍ഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്‌കരിക്കുകയാണ്. എന്തിനാണ് ബഹിഷ്‌കരിച്ചതെന്ന് അവരുടെ അണികള്‍ക്കുപോലും മനസ്സിലായിട്ടില്ല. ബഹിഷ്‌കരണത്തിനുപുറമേ പലതരത്തില്‍ നവകേരളസദസ്സിനെ ഇകഴ്ത്തിക്കാട്ടാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം 2016ല്‍ 26 ശതമാനമായിരുന്നത് 67 ശതമാനമായി വര്‍ധിച്ചു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 5.60 കോടി രൂപയായിരുന്നത് 10.17 കോടിയായി വര്‍ധിച്ചു.

പ്രതിശീര്‍ഷവരുമാന പട്ടികയില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാര്‍ഷികവരുമാനത്തിന്റ 35 ശതമാനംമാത്രമാണ് കേരളത്തിന് കടം. എന്നാല്‍, കേന്ദ്രം വാര്‍ഷികവരുമാനത്തിന്റെ 51 ശതമാനമാണ് കടമെടുക്കുന്നത്. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.