കേന്ദ്ര സര്‍വകലാശാല ആര്‍.എസ്.എസ് കാര്യാലയമായി; ബിരുദദാന ചടങ്ങിലെ മാറ്റിനിര്‍ത്തലിന് എതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

പെരിയയിലെ കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ കാര്യാലയമായി മാറിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.
ഇന്നു സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ നിന്ന് സ്ഥലം എംപിയെയും മറ്റ് ജനപ്രതിനിധികളെയും മാറ്റി നിര്‍ത്തുന്നത് ഇവിടെ നടക്കുന്ന കാവിവത്കരണത്തിന്റെ ഉദാഹരണമാണ്. സംഘപരിവാര്‍ ശക്തികളെ പ്രീതിപ്പെടുത്തി സ്വജനപക്ഷപാതവും അഴിമതിയും നടത്തി മുന്നോട്ടുപോകാമെന്ന് കരുതുന്നവരാണ് ഇതിനുപിന്നില്‍. ജനാധിപത്യ മര്യാദ പാലിക്കാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

Read more

കഴിഞ്ഞവര്‍ഷവും രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന് സ്ഥലം എംപിയെയും മറ്റു ജനപ്രതിനിധികളെയും മാറ്റിനിര്‍ത്തിയിരുന്നു. മതേതര ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിലാണ് കേന്ദ്രസര്‍വകാശാല സ്ഥിതി ചെയ്യുന്നതെന്ന് അധികൃതര്‍ ഓര്‍ക്കണം. കേന്ദ്രസര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകളും സര്‍വകലാശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങളുമാണ് ഉയരുന്നത്. ഇവിടെ നടക്കുന്ന അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.