ചാനല്‍ ചര്‍ച്ച തൊഴിലാളികള്‍ പറയുന്നതല്ല; പരിസ്ഥിതി ചര്‍ച്ചകള്‍ അറിവുള്ളവരോട് ചോദിച്ചാകണം; കേരളവും സ്വിറ്റ്സര്‍ലണ്ടും താരതമ്യപ്പെടുത്തി കുറിപ്പ്

കേരളത്തില്‍ ചതുരശ്രകിലോമീറ്ററിന് ആയിരത്തോളം മനുഷ്യര്‍ ജീവിക്കുമ്പോഴും മൂന്നിലൊന്നും മനുഷ്യപ്രവേശമില്ലാത്ത വനമായി സംരക്ഷിച്ചിരിക്കുകയാണെന്ന് സാമൂഹ്യ നിരീക്ഷകനായ വി ആര്‍ വിനയ് രാജ്. ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ വേണ്ട നിയമങ്ങള്‍ ഉണ്ടാക്കണം. ഇതിനാവശ്യമായ നയങ്ങള്‍ രൂപീകരിക്കേണ്ടത് ഇത്തരം വിഷയങ്ങളില്‍ അറിവുള്ളവരോട് ചോദിച്ചിട്ടാവണം, അല്ലാതെ ഇക്കാര്യത്തെപ്പറ്റി യാതൊരു ധാരണയുമില്ലാതെ പെന്‍ഷന്‍ വാങ്ങി സുഖവാസം ചെയ്യുന്ന വിരമിച്ച ചാനല്‍ ചര്‍ച്ചകള്‍ തൊഴിലാക്കിയവര്‍ മാത്രം പറയുന്നതുകേട്ടാവരുതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സ്വിറ്റ്സര്‍ലാന്റും കേരളവുമായി താരതമ്യം ചെയ്താണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ലോകത്തേറ്റവും പരിസ്ഥിതിസൗഹൃദരാജ്യം ഏതെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ വരുന്ന ലിസ്റ്റിലെ ഏറ്റവും മുകളിലുള്ള രാജ്യമാണ് സ്വിറ്റ്സര്‍ലാന്റ്. ഈ സമ്പന്നരാജ്യത്തിന് കേരളത്തിന്റെ അതേ വലിപ്പമാണെന്ന് പറയാം. പക്ഷേ നമ്മുടെ നാലിലൊന്ന് ആള്‍ക്കാരേ അവിടെയുള്ളൂ. സ്വിറ്റ്സര്‍ലാന്റില്‍ മൃഗവേട്ട അനുവദനീയമാണ്. എന്നാല്‍ അത് കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. 26 കാന്റണുകള്‍ (സംസ്ഥാനങ്ങള്‍) ഉള്ളവയില്‍ 25 എണ്ണത്തിലും നായാട്ട് നിയമവിധേയമാണ്. ജനീവ കാന്റണില്‍ മാത്രമാണ് ജനങ്ങള്‍ക്ക് നായാടാന്‍ അനുമതിയില്ലാത്തത്.

അവിടെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കേ അനുമതിയുള്ളൂ. മനുഷ്യരുടെ ജീവനു ഭീഷണിയായതുകൊണ്ടല്ല അവര്‍ മൃഗങ്ങളെ വേട്ടയാടുന്നത്. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ഭക്ഷണത്തിനും വേണ്ടിയാണ് സ്വിറ്റ്‌സര്‍ലാന്റില്‍ വന്യമൃഗങ്ങളെ പ്രത്യേകസീസണുകളില്‍ വേട്ടയാടുന്നത്. സ്വിറ്റ്‌സര്‍ലാന്റില്‍ സജീവമായി 30000 വേട്ടക്കാര്‍ ഉണ്ട്, അതില്‍ 1500 പേര്‍ സ്ത്രീകളാണ്.

വിനോദത്തിനുവേണ്ടി വേട്ടയാടുന്നത് നിര്‍ത്തണമെന്ന് സൂറിക് കന്റോണില്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ 84 ശതമാനം വോട്ടിനാണ് 2018 ല്‍ ജനങ്ങള്‍ അതു തള്ളിയത്. ഓരോ മൃഗത്തെയും വേട്ടയാടുന്നതിന് അവിടെ ലൈസന്‍സ് ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വിദേശികള്‍ക്ക് ഉയര്‍ന്ന ലൈസന്‍സ് ഫീസ് ആവശ്യമാണ്. 2016-ല്‍ അവിടെ 43616 റോ മാനുകളെയും 11873 ചുവന്ന മാനുകളെയും 11170 ചമോയ്‌സ് എന്ന കട്ടാടിനെയും അവര്‍ വേട്ടായാടിയിട്ടുണ്ട്. ഇതുകൂടാതെ ഐബക്‌സ്, കുറുക്കന്‍, അണ്ണാന്‍, മുയല്‍ എന്നിവയെയെല്ലാം വേട്ടയാടാവുന്നതാണ്. ഇങ്ങനെ വേട്ടയാടിയിട്ടും സ്വിറ്റ്‌സര്‍ലാന്റിലെ റെസ്റ്ററന്റുകളില്‍ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് കാട്ടിറച്ചി മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവ അവര്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

സ്വിറ്റ്‌സര്‍ലാന്റിലെ കാര്യം പറഞ്ഞത് കേരളത്തിലെ സംരക്ഷിതവനങ്ങളില്‍ വേട്ടയാടാന്‍ അനുമതി വേണമെന്നു വാദിക്കാനല്ല, മറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി നാട്ടില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ എന്തെങ്കിലും ചെയ്തുതരണമെന്ന് അപേക്ഷിക്കാനാണ്. രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍, റബര്‍ ടാപ്പിങ്ങിനു പോകുന്നവര്‍, പാലുകൊണ്ടുപോകുന്നവര്‍, പത്രം വിതരണം ചെയ്യുന്നവര്‍, ബൈക്ക് ഓടിക്കുന്നവര്‍ എല്ലാവരും ഭയന്നാണ് ജീവിക്കുന്നത്. എത്രയോ മനുഷ്യരാണ് കാട്ടുപന്നി ആക്രമണത്തില്‍ സമീപകാലത്തുമാത്രം കൊല്ലപ്പെട്ടത്, വാഹനങ്ങളില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ് കിടക്കുന്നത്.

ലോകത്തേറ്റവും പരിസ്ഥിതിസൗഹൃദമെന്നു വാഴ്ത്തപ്പെടുന്ന സ്വിറ്റ്‌സര്‍ലാന്റില്‍ വനങ്ങളില്‍പ്പോലും വര്‍ഷാവര്‍ഷം വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ വേട്ടയാടുന്നു, എന്നിട്ട് അവയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കുഴിച്ചിടുകയല്ല ചെയ്യുന്നത്, ഭക്ഷിക്കുകയാണ്. നമ്മള്‍ വനത്തിനുള്ളില്‍ ഉള്ള മൃഗങ്ങളുടെ എണ്ണം അധികരിക്കുന്നില്ലേ എന്ന് ഒരു സംശയം ചോദിക്കുമ്പോഴേക്കും അതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത കവികളും കഥാകാരന്മാരും പൊട്ടിത്തെറിക്കുകയാണ്, അത്തരം ഒരു പഠനമെങ്കിലും നമ്മള്‍ നടത്തുന്നുണ്ടോ, ഒരു പ്രദേശത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിന് ഒരു പരിധിയുണ്ടാവില്ലേ? അതിനു പഠനം ആവശ്യമില്ലേ? അങ്ങനെ കൂടുതല്‍ എണ്ണം ഉണ്ടെങ്കില്‍ അവയെ നിയന്ത്രിക്കേണ്ടേ?

നമുക്ക് ഇന്നും സായിപ്പ് എന്നുകേള്‍ക്കുമ്പോഴേ റാന്‍ പറഞ്ഞ് മുന്നില്‍ വണങ്ങിനില്‍ക്കുന്ന മനസ്സാണ്. അയാള്‍ക്ക് ജീവിക്കാന്‍ വേട്ടയാടണ്ടേ, നമ്മള്‍ക്ക് അതു പറ്റുമോ, നമ്മുടെ ആര്‍ഷഭാരതസംസ്‌കാരത്തില്‍, ബ്ലാ, ബ്ലാ,.. ഈ ഒന്നാം നമ്പര്‍ പരിസ്ഥിതിരാജ്യത്തേക്കാള്‍ എത്രയോ മികച്ച പരിസ്ഥിതിസംരക്ഷകരാണ് നമ്മള്‍. നമ്മള്‍ അത് മനസ്സിലാക്കണം, അതില്‍ അഭിമാനിക്കണം, തല ഉയര്‍ത്തി നില്‍ക്കണം, ചതുരശ്രകിലോമീറ്ററിന് ആയിരത്തോളം മനുഷ്യര്‍ ജീവിക്കുമ്പോഴും നാടിന്റെ മൂന്നിലൊന്ന് മനുഷ്യപ്രവേശമില്ലാത്ത വനമായി ഇവിടെ സംരക്ഷിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ വേണ്ട നിയമങ്ങള്‍ ഉണ്ടാക്കണം. ഇതിനാവശ്യമായ നയങ്ങള്‍ രൂപീകരിക്കേണ്ടത് ഇത്തരം വിഷയങ്ങളില്‍ അറിവുള്ളവരോട് ചോദിച്ചിട്ടാവണം, അല്ലാതെ ഇക്കാര്യത്തെപ്പറ്റി യാതൊരു ധാരണയുമില്ലാതെ പെന്‍ഷന്‍ വാങ്ങി സുഖവാസം ചെയ്യുന്ന വിരമിച്ച ചാനല്‍ ചര്‍ച്ചകള്‍ തൊഴിലാക്കിയവര്‍ മാത്രം പറയുന്നതുകേട്ടാവരുത്.