സംസ്ഥാന ബജറ്റ് ഇക്കുറി ജനുവരിയില്‍ അവതരിപ്പിക്കാൻ നീക്കം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്

2024-25 വര്‍ഷ കലയളവിലേക്കുള്ള സംസ്ഥാന ബജറ്റ് നേരത്തെ അവതരിപ്പിക്കാൻ സര്‍ക്കാര്‍ നീക്കം. ജനുവരിയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സർക്കാർ നടപടികൾ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ബജറ്റ് നേരത്തെ അവതരിപ്പിക്കാന്‍ ആലോചിക്കുന്നത്.

എല്ലാ വർഷത്തെയും പോലെ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാൻ സാധിക്കില്ല. എന്നാല്‍, ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചെലവ് ആരംഭിക്കാന്‍ സര്‍ക്കാരിന് കഴിയും.

ബജറ്റ് അവതരിപ്പിക്കൽ നേരത്തേയാക്കാൻ വിധ സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനകള്‍ നടത്തി ധനവകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സബ്ജക്ട് കമ്മിറ്റി യോഗങ്ങള്‍, ചര്‍ച്ചകള്‍, ഗ്രാന്റുകള്‍ക്കുള്ള ഡിമാന്‍ഡ് പാസാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും.

Read more

കഴിഞ്ഞ ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നികുതികള്‍ക്കും നിരക്ക് കൂട്ടുകയും ഇന്ധന സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ബജറ്റ് ആയതിനാൽ ക്ഷേമപെന്‍ഷന്‍ വര്‍ധനയടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ജനപ്രിയ ബജറ്റ് അവതരിപ്പിക്കുക എന്നത് സർക്കാരിന് വെല്ലുവിളിയായിരിക്കും.