സംസ്ഥാന ബജറ്റ് ഇന്ന് ; ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യത

ഇടതുസർക്കാരിന്റെ അവസാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതു മണിയ്ക്കാണ് ബജറ്റ് അവതരണം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.

ഈ സര്‍ക്കാരിന്റെ ആറാം ബജറ്റാണിത്. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി കൂട്ടും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

വര്‍ക്ക്ഫ്രം ഹോം സാദ്ധ്യതകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കെ ഫോണ്‍ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.