നിയമസഭാ കൈയാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

നിയമസഭാ കൈയാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ഇന്ന് ബെഞ്ച് പരിഗണിക്കുന്ന ഏഴാമത്തെ കേസാണിത്. കേസ് രാവിലെ പതിനൊന്നോടെ സുപ്രീംകോടതിയിലെത്തും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ഇടതുനേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. പ്രതികള്‍ വിചാരണ നേരിടണമെന്നും ഒരു ഘട്ടത്തില്‍ ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര്‍ ഷായും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു. തെറ്റായ സന്ദേശമാണ് നിയമസഭാ കൈയാങ്കളിക്കേസിലൂടെ ഇടതുനേതാക്കള്‍ നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. വിശദമായി കേൾക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.

2015-ൽ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് നിയമസഭയില്‍ കൈയാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ കൈയാങ്കളി നടത്തിയത്. നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവമായതിനാൽ സ്പീക്കറുടെ അനുമതിയോടെ മാത്രമേ കേസെടുക്കാൻ സാധിക്കുകയുള്ളു. എന്നാല്‍ നിയമസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനാൽ കേസ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രീംകോടതിയിൽ ഇന്ന് സര്‍ക്കാര്‍ വാദം തുടരുമെന്നും കോടതിക്ക് തൃപ്തികരല്ലെങ്കില്‍ അപ്പീല്‍ പിന്‍വലിക്കാൻ സാദ്ധ്യത ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ അപ്പീല്‍ പിന്‍വലിക്കുകയാണെങ്കില്‍ പ്രതികള്‍ക്ക് വിചാരണകോടതിയില്‍ വിചാരണ നേരിടേണ്ടി വരും.

Read more

വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രതിസ്ഥാനത്ത് മന്ത്രിപദവിയിൽ ഇരിക്കുന്നവർ ഉണ്ടെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.