താനൂര്‍ ബോട്ട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

താനൂര്‍ ബോട്ട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപാ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയില്‍ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയില്‍ ദുഖിക്കുന്നു . മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം. ദുരന്തത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി എം എന്‍ ആര്‍ എഫില്‍ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അപകടത്തില്‍ ഏകോപിതമായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവരെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി ഇന്നു സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്നു നടത്താനിരുന്ന താലുക്കുതല അദാലത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റി വെക്കാന്‍ തീരുമാനിച്ചു.