സ്റ്റാന്‍ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടുക്കുന്നു; ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു; ആഞ്ഞടിച്ച് കെ.സി.ബി.സി

ഫാ. സ്റ്റാന്‍ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടുക്കം ഉളവാക്കുന്നതെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലില്‍ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ആരുമില്ലാത്തവര്‍ക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകള്‍ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു.

ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന കണ്ടെത്തല്‍ ഭീതിജനകമാണ്. താന്‍ ആര്‍ക്കുവേണ്ടി സംസാരിച്ചുവോ, ആ പാവപ്പെട്ടവരുടെ ഉന്നതി കാംക്ഷിക്കാത്ത ഒന്നായി ഇന്നത്തെ ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ വെളിപ്പെട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുള്ള സകലരും മനസ്സിലാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ആദര്‍ശ ശുദ്ധിയും ലോകം തിരിച്ചറിയേണ്ടതുണ്ട്. ഫാ. സ്റ്റാനിന്റെ മരണശേഷവും തുടരുന്ന നിയമയുദ്ധത്തില്‍ അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഒപ്പം നിന്നവര്‍ക്കും നീതിലഭിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്ന് കെസിബിസി വ്യക്തമാക്കി.

അമേരിക്ക ആസ്ഥാനമായുള്ള ഫോറന്‍സിക്ക് ഏജന്‍സി, ആഴ്സണല്‍ കണ്‍സള്‍ട്ടന്‍സിയുടെ വെളിപ്പെടുത്തലുകള്‍ വിശദമായി പരിശോധിക്കുകയും, ഇത്തരമൊരു ഹീനമായ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടുകയും വേണം. ഫാ. സ്റ്റാന്‍ സ്വാമിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെയും ഇത്തരത്തില്‍ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളില്‍ പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാര്‍ക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍വഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണം.