സിറോ മലബാര്‍ സഭ ഭൂമി ഇടപാട്, അഴിമതിയില്ലെന്ന കെ.സി.ബി.സിയുടെ സര്‍ക്കുലര്‍ പിന്‍വലിച്ചു

സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ അഴിമതിയില്ലെന്ന് വ്യക്തമാക്കി കെസിബിസി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. അങ്കമാലി – എറണാകുളം അതിരൂപതയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജ രേഖകളിലെ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഭൂമിയിടപാട് ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നുമായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. സിനഡിന് ശേഷമായിരുന്നു ഈ സര്‍ക്കുലര്‍ ഇറക്കിയത്.

കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരോക്ഷ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ എ.എം.ടി ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് അങ്കമാലി – എറണാകുളം അതിരൂപതയും രംഗത്തത്ത് വന്നത്.

എറണാകുളം – അങ്കമാലി അതിരൂപയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭക്കുള്ളില്‍ തന്നെ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്ന് പറയുന്ന കെ.സി.ബി.സി വ്യാജരേഖ വിവാദത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും പറയുന്നുണ്ട്. ഈ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്നും കെസിബിസിയുടെ സര്‍ക്കുലറില്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം പുറത്തിറക്കിയ സര്‍ക്കുലര്‍ ജൂണ്‍ 9നാണ് സിറോ മലബാര്‍, ലത്തീന്‍, മലങ്കര കാത്തോലിക സഭകളിലെ ദേവാലയങ്ങളില്‍ വായിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍ സര്‍ക്കുലര്‍ വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും വത്തിക്കാന്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കെ.സി.ബി.സി.ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് എ.എം.ടിയുടെ വാദം. അതിനിടെ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ കാത്തലിക് ഫോറം സര്‍ക്കുലറിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.