ബഫര്‍ സോണില്‍ കര്‍ഷകരുടെ വികാരങ്ങള്‍ക്ക് ഒപ്പം സഭയുണ്ടാകും; രാഷ്ട്രീയ സമരങ്ങള്‍ക്ക് മതമേലദ്ധ്യക്ഷന്മാര്‍ കൂട്ടുനില്‍ക്കരുതെന്ന് മന്ത്രി; പോര്‍മുഖം തുറന്ന് കെ.സി.ബി.സി

ഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന നിസംഗതക്കെതിരെ പോര്‍മുഖം തുറന്ന് കെസിബിസി. ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിനും മന്ത്രി എ.കെ ശശീന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനമാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി നടത്തിയത്. വനം മന്ത്രിയും വകുപ്പും പുകമറ സൃഷ്ടിക്കുകയാണെന്നും കര്‍ഷകരെ വഴിയാധാരമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. വനം വകുപ്പിന്റെ നടപടികള്‍ നിരുത്തരവാദപരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ നിസാരവത്കരിക്കുകയാണ്. കര്‍ഷകരോഷം ജനകീയ പ്രക്ഷോഭമായി വളരുമെന്നും കര്‍ഷകരുടെ വികാരങ്ങള്‍ക്കൊപ്പം സഭയുണ്ടാകുമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

അതേസമയം, കെ.സി.ബി.സി സമരം ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് കെ.സി.ബി.സി നില്‍ക്കരുത്. കമീഷന്റെ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. സമരത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷക സംഘടനകള്‍ അടക്കമുള്ളവര്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സാറ്റലൈറ്റ് സര്‍വേ നടത്തുന്നത്. സര്‍വേ ചെയ്യാതിരിക്കാന്‍ സാധിക്കില്ല. സര്‍വേ മാത്രം ആശ്രയിച്ചല്ല നിലപാട് സ്വീകരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ നിലപാട് എടുക്കുക. ആശങ്കയുള്ളവര്‍ വിദഗ്ധ സമിതിയുമായി സഹകരിക്കണം.
ജുഡീഷ്യല്‍ സമിതിയുടെ പരിശോധന കഴിഞ്ഞാല്‍ മാത്രമേ അന്തിമ തീരുമാനമുള്ളൂ. ഇക്കാര്യത്തില്‍ എന്ത് പുകമറയാണ് ഉള്ളതെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ സമരങ്ങള്‍ക്ക് മതമേലധ്യക്ഷന്മാര്‍ കൂട്ടുനില്‍ക്കരുതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ എല്ലാ തള്ളിയാണ് കെസിബിസി പ്രത്യക്ഷ സമരമുഖത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചത്.