'ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ'; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യുഡിഎഫിനെ കൂട്ടിക്കെട്ടാന്‍ നോക്കേണ്ടെന്ന് കെ സി വേണുഗോപാല്‍

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. യുഡിഎഫിനെ ഇതില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മറ്റുള്ളവരുടെ മേല്‍ പഴിചാരാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ പറഞ്ഞു. വിളിച്ച ഉടന്‍ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ കെ സി രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ ഉയര്‍ത്തിയത്. 22 കൊല്ലം മുമ്പ് താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ് ഐ ടി മുഖ്യമന്ത്രിയുടെ കൈയില്‍ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കില്‍ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെയെന്നും ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂവെന്നും പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കയറിയത് 2007ലെന്ന വിവരം എസ് ഐ ടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെസി വേണുഗോപാല്‍ മുറു ചോദ്യം ചോദിച്ചു.

Read more

തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. രാവിലെ മുതലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യമുള്‍പ്പെടെ അടൂര്‍ പ്രകാശില്‍ നിന്ന് എസ്‌ഐടി ചോദിച്ചറിയും. നേരത്തെ, കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസില്‍ അടൂര്‍ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.