കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ബിജെപി റിക്രൂട്ട് ചെയ്ത ‘ട്രോജന്‍ കുതിര’യാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ സി വേണുഗോപാലിന്റെ സമീപകാല പ്രസ്താവനകള്‍ക്ക് മറുപടിയെന്നോണമാണ് ബിജെപി റിക്രൂട്ട് ചെയ്ത ട്രോജന്‍ കുതിരയാണ് കെ സി വേണുഗോപാലെന്ന് വി ശിവന്‍കുട്ടിയുടെ പ്രതികരണം. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ വേണ്ടി മനഃപൂര്‍വ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ സി വേണുഗോപാല്‍ എന്ന് കുറ്റപ്പെടുത്താനും സിപിഎം നേതാവ് വി ശിവന്‍ കുട്ടി മറന്നില്ല.
രാഹുല്‍ ഗാന്ധിക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കി, തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നതെന്നും സിപിഎം നേതാവ് പരിഹസിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉന്നം വെക്കുമ്പോഴും കോണ്‍ഗ്രസിനെ നയിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ മാത്രം സുരക്ഷിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും കൂടി ശിവന്‍കുട്ടി പറഞ്ഞു.
കെ സി വേണുഗോപാലിന് നേര്‍ക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരാത്തത് അദ്ദേഹവും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നതിന്റെ തെളിവാണെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. കെ സി വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം കേരളത്തില്‍ ബിജെപിക്ക് അടിത്തറ ഒരുക്കലാണ്. സ്വന്തം പാര്‍ട്ടിക്ക് കുഴിതോണ്ടുന്ന ഈ നീക്കം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
Read more
കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ കോഡ് നടപ്പിലാക്കുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത് ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. പി എം ശ്രീ പദ്ധതിയില്‍ അത് കണ്ടുവെന്നും കേന്ദ്ര ഗസര്‍ക്കാരിന്റെ ഇച്ഛയ്ക്ക് അനുസരിച്ചാണ് പിഎം ശ്രീയില്‍ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും കെ സി പറഞ്ഞിരുന്നു. തൊഴില്‍ വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി വി ശിവന്‍കുട്ടിയാണെന്നിരിക്കെ ഈ രണ്ട് വകുപ്പുകളും കൈകാര്യ ചെയ്യുന്ന വിഷയങ്ങളിലെ ബിജെപി താല്‍പര്യം ചൂണ്ടിക്കാട്ടിയ കെസിയുടെ പ്രതികരണത്തിനാണ് കടുത്ത ഭാഷയില്‍ വി ശിവന്‍കുട്ടിയുടെ മറുപടി.







