കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു; വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവാ ദ്വീപില്‍ വാച്ചറായി ജോലി നോക്കിയിരുന്ന പോള്‍ ആണ് മരിച്ചത്. രാവിലെ ആയിരുന്നു കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ട് ജീവനുകളാണ് നഷ്ടമായത്. വയനാട്ടില്‍ തുടരെയുള്ള കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച എല്‍ഡിഎഫും യുഡിഎഫും ബിജെപിയും സംയുക്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.