കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ ഇഡി പിടിമുറുക്കിയതോടെ എകെജി സെന്ററില്‍ അടിയന്തരയോഗം വിളിച്ച് സിപിഎം. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കേസുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം പ്രദേശിക തലത്തില്‍ തുടങ്ങിയിരുന്നു.
ഇതിന്റെ കൂടി ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ അടിയന്തരമായി യോഗം ചേരുന്നത്. യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണനും പങ്കെടുക്കുന്നുണ്ട്.
വായ്പാത്തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം മടക്കിനല്‍കാന്‍ കേരളാ ബാങ്കില്‍നിന്ന് 50 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ എം.കെ. കണ്ണന്‍ ഇ.ഡിക്കു മുന്നില്‍ രണ്ടാംവട്ടം ചോദ്യംചെയ്യലിനു ഹാജരാകും മുമ്പ് മുഖ്യമ്രന്തി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ.
തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രിയും കണ്ണനുമായുള്ള കൂടിക്കാഴ്ച. മറ്റ് മുതിര്‍ന്ന സി.പി.എം. നേതാക്കളും കണ്ണനൊപ്പമുണ്ടായിരുന്നു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു മുഴുവന്‍ പണവും ഇപ്പോള്‍ നല്‍കില്ല. 50% നല്‍കാനാണു ധാരണ. കരുവന്നൂര്‍ ബാങ്കിലെ സുരക്ഷിതവായ്പകള്‍ കേരളാ ബാങ്ക് ഏറ്റെടുക്കും.
Read more
മൂന്നുദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്കു പണം നല്‍കാനാണു നീക്കം. ഇതിനായി കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കണ്‍സോര്‍ഷ്യത്തില്‍നിന്നു സമാഹരിക്കും. കരുവന്നൂര്‍ വിവാദത്തില്‍ സി.പി.എം. പ്രതിരോധത്തിലായ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള നീക്കമാണിതെന്നു വിലയിരുത്തപ്പെടുന്നു.







